Friday, February 1, 2013

തുള്ളി നന

പച്ചക്കറി കൃഷിയ്ക്ക് തുള്ളി നന

മണ്ണും ചെടികളും പ്രകൃതിയും എപ്പോഴും മനസ്സില്‍ കൂടെയുണ്ട് . ചെടി നടലും അതിന്റെ പരിചരണവും നിത്യവും ചെയ്യുന്ന ഒരു പരിപാടിയായി മാറി. രാവിലെയും രാത്രിയിലും ഇവരുടെ സമീപം ചിലവഴിക്കുന്ന കുറച്ച് സമയം, പകരം വയ്ക്കുവാന്‍ പറ്റാത്ത ഒരു വികാരമായി മാറിയത് നന്നായി തിരിച്ചറിയുന്നു.

വേനല്‍ പതിവുകള്‍ തെറ്റി, വർഷം തോറും ജല ലഭ്യത ക്രമേണ കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു. അപ്പോള്‍ പിന്നെ എളുപ്പവഴികളും, ഒപ്പം ലഭ്യമായ റിസോർസുകൾ നന്നായി ഉപയോഗിക്കാനും വേണ്ടിയുള്ള ചിന്തകളും കൂടി തുള്ളി നന പരീക്ഷിക്കുവാന്‍ പ്രേരണയായി. പ്ലസ് സുഹ്രത്ത് ഇക്കാസിന്റെ പരീക്ഷണങ്ങളും അതില്‍ വന്ന അഭിപ്രായങ്ങളും കണ്ടപ്പോള്‍ പിന്നെ താമസിയാതെ തിരുവനന്തപുരത്ത് അഗ്രോ ഇന്ടസ്ട്രീസിന്റെ ഔട്ട്‌ ലെറ്റ് സന്ദര്‍ശിച്ചു ഇതിന്റെ കുറച്ച് കിടുതാപ്പുകള്‍ വാങ്ങി. അത്യാവശ്യം വേണ്ടിയ കുറച്ച് വിവരങ്ങള്‍ അവര്‍ പറഞ്ഞു തന്നു. മുപ്പത് ചെടികള്‍ക്ക് സെറ്റ് ചെയ്യുവാന്‍ വേണ്ടിയുള്ള പൈപ്പും, അതിന്റെ അനുബന്ധ സാമഗ്രികളും വാങ്ങി. ആകെ ചിലവ് 450 രൂപ. 


സംഗതികൾ "ഡൂ ഇറ്റ് യൂവർസെൽഫ്" എന്ന നിലയിൽ ചെയ്തെടുക്കുവാൻ താല്പര്യം ഉള്ളവർക്ക് ആർക്കെങ്കിലും ഉപയോഗപ്പെടട്ടെ എന്നുള്ള ചിന്തയിലാണു ഞാനിത് പങ്ക് വയ്ക്കുവാൻ ശ്രമിക്കുന്നത്. 

ആവശ്യം വേണ്ട സാധനങ്ങൾ













സെറ്റ് ചെയ്യുന്ന വിധം
ഇത്തരം ഒരു സെറ്റപ്പില്‍ മുപ്പതോ നാല്പതോ ചെടികൾക്ക് ഉപയോഗിക്കുവാന്‍ പ്രധാന പൈപ്പിന്റെ സൈസ് 16 എം.എം. മതിയാകും. ഹോറിസോണ്ടലായി സ്ഥാപിക്കുന്ന പൈപ്പില്‍ നിന്നും മെറ്റല്‍ സൂചി ഉപയോഗിച്ച് ഇടുന്ന കിഴുത്തയില്‍ 3 എം.എം. കണക്റ്റർ കടത്തി വയ്ക്കുന്നു. ഇത് കൃത്യമായി ചെയ്‌താല്‍ വെള്ളം ലീക്ക് ചെയ്യില്ല - ലീക്ക് ഉണ്ടായാല്‍ അല്പം എം.സീല്‍ മിക്സ് തേയ്ച്ച് പരിഹരിക്കാം. ഇങ്ങിനെ ഫിക്സ് ചെയ്ത കണക്റ്ററിൽ, 3 എം.എം. ഫ്ലെക്സി ട്യുബ് ഘടിപ്പിക്കുക. ചെടിയുടെ ചുവട്ടില്‍ എത്തുന്ന അളവില്‍ മുറിച്ച് ആഗ്ര ഭാഗത്ത് ഡ്രിപ്പ് കണ്ട്രോള്‍ ഘടിപ്പിക്കുക. കണ്ട്രോളിന്റെ അഗ്രഭാഗം തിരിച്ച് ഡ്രിപ്പിന്റെ ഫ്ലോ നിയന്ത്രിക്കാം.   

ഇതിന്റെ സോര്‍സ് ടാങ്കായി ഒരു ഇരുപത് ലിറ്ററിന്റെ പെയിന്റ് ബക്കറ്റ് (30 തൈകൾക്ക്) ഉപയോഗിക്കാം. അതിന്റെ ചുവടു ഭാഗത്ത് അര ഇഞ്ച്‌ അളവിലെ ഒരു ടാങ്ക്‌  കണക്ടര്‍ പിടിപ്പിക്കുക. അതില്‍ 16 എം. എം. ന്റെ  അഡാപറ്റർ അല്പം ടെഫ്ലോൺ റ്റേയ്പ് ചുറ്റി തിരുകുക. 15 എം. എം. ന്റെ തന്നെ കണ്ട്രോള്‍ വാൾവ് സൗകര്യമായ  സ്ഥലത്ത് പിടിപ്പിക്കുക. ചെടികൾ നിരത്തിയിരിക്കുന്ന ലെവലിൽ നിന്നും ഉയർന്ന തട്ടിൽ ബക്കറ്റ് സ്ഥാപിച്ച് വെള്ളം നിറച്ച് ഉപയോഗിക്കാം.

ഘടകങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിനു പ്രത്യേകം പശയോ, മറ്റു വസ്തുക്കളോ ആവശ്യമില്ല. കണക്റ്ററുകളുടെയും, എൽബോയുടെയും ഒക്കെ ഷേപ്പ് ശ്രധ്ധിക്കുക. 

ഇനി, നിലവിലുള്ള ഒരു ലൈനിൽ കണക്റ്റ് ചെയ്യാൻ ആണെങ്കിൽ അഡാപ്റ്റർ അര ഇഞ്ച് പൈപ്പിലോ, മെയിൽ പി.വി.സി അഡാപ്റ്ററിലോ ബന്ദിപ്പിക്കാം.

സാധങ്ങളുടെ വിലവിവരം



പ്രത്യേക ശ്രദ്ധ വേണ്ട കാര്യങ്ങള്‍ 

വെള്ളത്തില്‍ വരുന്ന പൊടിയും മറ്റ് അഴുക്കുകളും ക്രമേണ ഡ്രിപ്പിന്റെ നോസിലില്‍ അടിഞ്ഞ്, വെള്ളത്തിന്റെ ഒഴുക്ക് തടസ്സപെടുവാന്‍ ഇടയുണ്ട്. അതിനാൽ തുള്ളി നന സെറ്റ്അപ്പില്‍ ഒരു ഫില്‍ട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണം ഉറപ്പ് വരുത്താന്‍ കഴിഞ്ഞാല്‍ 450 രൂപ വില വരുന്ന ഫില്‍ട്ടര്‍ ഒഴിവാക്കാം 

പൂര്‍ണമായും ജലത്തില്‍ ലയിച്ച് ചേരാത്ത ഒരു വസ്തുക്കളും വെള്ളത്തില്‍ വരാന്‍ പാടില്ല. രാസ വളം ഉപയോഗിക്കുന്നവര്‍ക്ക്  അല്പം വില കൂടുതല്‍ നല്‍കി ഇത്തരത്തിലുള്ള (പൂര്‍ണമായും ലയിച്ച് ചേരുന്ന) വളം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി നിശ്ചിത അളവിൽ ടാങ്കില്‍ ചേര്‍ത്ത് ഉപയോഗിക്കാം. 

പ്രധാന പൈപ്പില്‍ ഹോള്‍ ഇടുമ്പോള്‍ അതില്‍ നല്‍കിയിരിക്കുന്ന വെള്ള വരയില്‍ തന്നെ ആകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കില്‍ നമ്മള്‍ വിചാരിക്കുന്ന ഫ്ലെക്സിബിലിറ്റി ഡ്രിപ്പ്കള്‍ക്ക് കിട്ടില്ല. 

ചെടികളുടെ ചുവട്ടില്‍ ഡ്രിപ്പ് വരുന്ന ഭാഗത്ത് അല്പം വയ്ക്കോലോ, ഇലപ്പൊടിയോ  പോലുള്ള ജൈവ വസ്തു ഇട്ട് അതിന്റെ മുകളില്‍ നന വരുന്ന തരത്തില്‍ ക്രമീകരിക്കുക.

ഡ്രിപ്പിന്റെ അളവ് രണ്ട് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയെടുക്കുവാൻ കഴിയും. 

ഡൊമസ്റ്റിക് ലൈനിൽ കണക്റ്റ് ചെയ്യാതെ, പ്രത്യേകം ടാങ്ക് ഉപയോഗിച്ചാൽ ഒരു പക്ഷെ നമ്മുടെ സിസ്റ്റത്തിൽ എന്തെങ്കിലും ലീക്കോ, ഓവർ ഫ്ലോയോ വന്നാൽ ജലനഷ്ടം പരമാവധി കുറയ്ക്കുവാനും കൂടാതെ വെള്ളം എപ്പോഴും പൊടിപടലങ്ങൾ വീഴാതെ സൂക്ഷിക്കുവാനും കഴിയൂം.


ഭാഗികമായി പൂർത്തിയാക്കിയ സിസ്റ്റം.





3 comments:

  1. ഈ വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയതിനു നന്ദി കൂട്ടുകാരാ..!
    കുറച്ചുനാള്‍ മുന്‍പ് ഈ വിശദാംശങ്ങള്‍ അന്വേഷിച്ച് ഞാന്‍ പോസ്റ്റിട്ടിരുന്നു.
    ഒത്തിരിനന്ദി.
    സസ്നേഹം.
    പ്രഭന്‍ കൃഷ്ണന്‍

    ReplyDelete
  2. നന്നായിട്ടുണ്ട്. ഞാനും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പില്‍ പോസ്റ്റുമിട്ടിരുന്നു.

    ReplyDelete