Tuesday, March 19, 2013

ഓർക്കിഡ് വളർത്തൽ


ഓർക്കിഡ് വളർത്തൽ

[തുടക്കത്തിലേ പറയട്ടെ - ഒരു ഹോബി എന്ന നിലയിൽ ചെടികൾ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവർക്ക്, പരിമിതമായ അനുഭവങ്ങളിൽ നിന്നും, വായനയിൽ നിന്നും കിട്ടിയ അറിവുകൾ പങ്ക് വെയ്ക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമം മാത്രമാണിത്. ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം സ്വന്തം ചെടികളുടെത് ]

കേരളത്തിന്റെ തനത്‌ കാലാവസ്ഥയിൽ വളരെ ലളിതമായ പരിചരണം നൽകി നന്നായി ഓർക്കിഡുകൾ വളർത്താം. ആകർഷകമായ വർണ്ണങ്ങളിൽ അധികം ദിവസങ്ങൾ പൊഴിഞ്ഞു പോകാതെ നിൽക്കുന്ന ഈ സസ്യങ്ങൾ വീട്ടിനകത്ത്‌ പരിമിതമായ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ, വരാന്ത, കാർ പോർച്ച്‌, നല്ല വെളിച്ചം കിട്ടുന്ന മറ്റ്‌ മേൽതലങ്ങൾ തുടങ്ങി എല്ലായിടത്തും നന്നായി വളർത്തുവാൻ കഴിയും. ഓർക്കിഡിന്റെ ഏറ്റവും വലിയ ശത്രു "അമിത പരിചരണം" ആണ്‌ - കൂടുതലായ നനയും വളവും ഓർക്കിഡ്‌ ചെടികളെ നശിപ്പിക്കുവാൻ പോന്നതാണ്‌. എല്ലാ ദിവസവും രണ്ടു നേരം നനച്ച്‌ വളവും ഒക്കെ നൽകി വളത്തിയാൽ, പല ചെടികളും അകാല ചരമം പ്രാപിക്കും. സംഗതികൾ ഇതൊക്കെയാണെങ്കിലും, കൃത്യമായ വളർച്ചയ്ക്കും പുഷ്പ്ങ്ങൾക്കും ചെടികൾക്ക്‌ അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്‌..




ഏറ്റവും ലളിതമായി പറഞ്ഞാൽ ഓർക്കിഡ്‌ വളർത്താൻ അത്യാവശ്യം വേണ്ടത്‌ ചെടികൾക്ക്‌ പരിചിതമായ അവയുടെ സ്വാഭാവിക പ്രകൃതി ഒരുക്കികൊടുക്കലാണ്‌..  
ഓർക്കിഡുകൾ നല്ല വെളിച്ചവും ഉയർന്ന ആർദ്ദ്രതയും (ഹ്യുമിഡിറ്റി), വേരുകൾക്ക്‌ ചുറ്റും നല്ല ഇളകിയ കാറ്റിന്റെ സാന്നിധ്യവും, ഇരുപത് - മുപ്പത് ഡിഗ്രി നിലവാരത്തിൽ ഉള്ള ചൂടും നന്നായി ആസ്വദിക്കുന്ന സസ്യങ്ങളാണ്‌.. നേരിട്ട്‌ ചെടിയിൽ പതിക്കുന്ന തീവ്ര വെളിച്ചം ഇവയ്ക്ക്‌ അധികം താങ്ങുവാൻ കഴിയില്ല. പ്രത്യേകിച്ച്‌ വെകുന്നേരങ്ങളിൽ കിഴക്ക്‌ വശത്തു നിന്നും നേരിട്ട്‌ അടിക്കുന്ന വെളിച്ചത്തിൽ നിന്നും ഇവയെ സംരക്ഷിക്കുവാൻ ശ്രധ്ധിക്കുക. ട്രോപ്പിക്കൽ - സബ് ട്രോപ്പിക്കൽ കാലാവസ്ഥയിൽ ഹരിത വനങ്ങളിൽ വളരുന്ന ഓർക്കിഡുകൾക്ക് മുകളിൽ പറഞ്ഞ സാഹചര്യം ലഭിക്കുന്നുണ്ട്. ഇത് കൂടാതെ കൃത്യമായ ഇടവേളകളിൽ സ്വഭാവിക വനങ്ങളിൽ ലഭിക്കുന്ന മഴയും, മഴ ഇല്ലാതിരിക്കുന്ന അവസ്ഥയും നമ്മൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടി നന്നായി നനഞ്ഞ് വളരെ നന്നായി വാർന്നു പോകുന്ന ജലസേചനം നൽകേണ്ടിയിരിക്കുന്നു.

പ്രഭാതത്തിൽ ജലത്തിന്റെ സാമീപ്യം ഓർക്കിഡുകൾ എറ്റവും ഇഷ്ടപ്പെടുന്നു. അപ്പോൾ നനക്കൽ വേനൽ കാലങ്ങളിൽ എല്ലാ ദിവസവും, അല്ലാതുള്ള സമയത്ത് ഒന്നിടവിട്ടോ, മൂന്ന് ദിവസത്തിൽ ഒരിക്കലോ മതിയാവും. ഓർക്കിഡുകൾക്ക് നന്നായി വളരുവാൻ കഴിയുന്ന ഒരു മീഡിയം നമ്മൾ ഒരുക്കേണ്ടതുണ്ട്. ഏകദേശം തുല്യ അളവിൽ ഉണങ്ങിയ തൊണ്ടിൻ കഷണങ്ങൾ, ഓടിന്റെ കഷണങ്ങൾ, മരക്കരി (വിറകടുപ്പിൽ മുക്കാൽ ഭാഗം കത്തിയ തടിക്കഷണങ്ങൾ വെള്ളം നനച്ച് കരിയാക്കാം) പിന്നെ ഇഷ്ടിക കഷണങ്ങൾ - ഇവ ഒന്നാന്തരം മീഡിയം ആയി ഉപയോഗിക്കാം. സ്വാഭാവിക പ്രകൃതിയിൽ വളരുന്നവയെക്കാൾ നമ്മൾ വളര്ത്തുന്നവയ്ക്ക് ഈ മീഡിയത്തിന്റെ സാമീപ്യം കാരണം തന്നെ ജല ലഭ്യത കുറെ കൂടി മെച്ചമായിരിക്കും എന്ന് ഞാൻ കരുതുന്നു.



മീഡിയം - മരക്കരി, ഓട്, ഇഷ്ടിക, തൊണ്ട്

നമ്മുടെ മീഡിയത്തിൽ ലഭ്യമായ എല്ലാ വസ്തുക്കളും ജലം നന്നായി അബ്സോർബ് ചെയ്യുന്നവയാണ്. നനവിന്റെ മുകളിൽ പറഞ്ഞ ടിപ്സുകൾ ഈയൊരു കാര്യത്തിന്റെ വെളിച്ചത്തിൽ ആലോചിച്ചാൽ യുക്തിസഹമായി മനസ്സിലാക്കാവുന്നതേയുള്ളൂ. നനവ് അധികമായാൽ ഫംഗസ് , വേരു ചീയൽ തുടങ്ങി സുഖകരമല്ലാത്ത സംഗതികൾ വന്നു ചേരാം.

ഓർക്കിഡുകൾ നടാൻ ഉപയോഗിക്കുന്ന ചട്ടികൽ ധാരാളം വായു സഞ്ചാരം കിട്ടുന്നവ ആയിരിക്കണം. മരത്തിന്റെ റീപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ പെട്ടികൾ, നിറയെ ദ്വാരങ്ങൾ ഉള്ള മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയൊക്കെ ഉപയോഗിക്കാം. 
സാധാരണ ഉപയോഗിക്കുന്ന ഓർക്കിഡ് ചട്ടി

ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന പുതിയതരം അർധ്ധ ഗോളാ-ക്രിതിയിലുള്ള പ്ലാസ്റ്റിക് ചട്ടികൾ ഉപയോഗിക്കുവാൻ വളരെ ലളിതവും, താര തമ്യേന ചിലവ് കുറഞ്ഞതുമാണു. ഇവയോടൊപ്പം തന്നെ, ചട്ടി തൂക്കിയിടുവാനുള്ള കിടുതാപ്പും കിട്ടുന്നതിനാൽ സംഗതി കൊള്ളാം (വില നിവവാരം 20-30 രൂപ). വാൻഡ വർഗത്തിൽ പെടുന്ന ചെടികൾക്ക് തടിയിൽ ചെയ്തെടുക്കുന്ന കുഞ്ഞൻ പെട്ടികൾ കൂടുതൽ നന്നാവും. 

പുതിയ തരം ഓർക്കിഡ് ചട്ടികളും,  മരത്തിൽ സ്വന്തമായി ഉണ്ടാക്കിയെടുത്ത പെട്ടികളും.
വ്യത്യസ്ത ഓര്ക്കിഡ് ചെടികൾ, നമ്മൾ മുകളിൽ പറഞ്ഞ സാഹചര്യങ്ങളും, ജലവും, വളവും ഒക്കെ കുറച്ചൊക്കെ അളവിലും തീവ്രതയിലും അല്പസ്വല്പം ഏറ്റക്കുറച്ചിലുകൾ വരുത്തി നന്നായി വളർത്തിയെടുക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല ചില ചെടികൾക്ക് തീവ്രത കുറഞ്ഞ വെളിച്ചവും, ചിലവയ്ക്ക് നല്ല നിഴലും, മറ്റു ചിലര്ക്ക് തീവ്ര വെളിച്ചവും വേണം ചെടികളുടെ ഇലകളുടെ പച്ച നിരത്തിന്റെ തീവ്രത നോക്കി വെളിച്ചത്തിന്റെ ആവശ്യകത നമുക്ക് തന്നെ മനസ്സിലാക്കുവാൻ കഴിയും. കടുത്ത പച്ച - വെളിച്ചത്തിന്റെ കുറവും, മഞ്ഞളിച്ച പച്ച - വെളിച്ചത്തിന്റെ കൂടുതലും, ഇളം പച്ച നിറം - കൃത്യമായ അളവിലുള്ള പ്രകാശവും എന്ന നിഗമനം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രിക്കാണ്. 



അമിതമായ വെയിൽ - മഞ്ഞളിപ്പ്




കടുത്ത പച്ച - പ്രകാശം അല്പം കൂടി ആവാം.





സുഖകരമായ പ്രകാശത്തിൽ നിൽക്കുന്ന ഓർക്കിഡ്
കുറഞ്ഞ വെളിച്ചത്തിൽ ഇരിക്കുന്ന ഒരു ചെടിയെ, ഇങ്ങിനെ കണ്ടെത്തിയ നിഗമനത്തിൽ തീവ്രത കൂടിയ പ്രകാശത്തിലേയ്ക്ക് വേഗം മാറ്റിയാൽ - പെട്ടെന്ന് വന്ന സാഹചര്യം ഉൾകൊള്ളാൻ കഴിയാതെ ഇലകളിൽ പൊള്ളൽ വരാം. ചുരുക്കി പറഞ്ഞാൽ - ഇത്തരം സാഹചര്യങ്ങളിൽ വരുത്തുന്ന ഫൈൻ ട്യൂണിംഗ് , വളരെ ക്രമാനുഗതമായി നടത്തണം.



പരീക്ഷിച്ചതാണ് - വൈകാതെ ക്രമീകരണം നടത്തിയതിനാൽ വലിയ പൊള്ളൽ വന്നില്ല.


ഒരു ടിപ്പ് കൂടി - ഇങ്ങിനെ കൂടുതൽ വെളിച്ചത്തിലെയ്ക്ക് മാറ്റിയ ഒരു ചെടിയുടെ ഇലയിൽ മുകളിലും താഴെയുമായി രണ്ടു വിരൽ വച്ച് , ഇലയുടെ ചൂട്ട് ഫീൽ ചെയ്യുവാൻ ശ്രമിക്കുക. നമ്മുടെ വിരലുകളിൽ ഉയര്ന്ന താപം ഫീൽ ചെയ്‌താൽ, ഓർക്കിഡ് ഇരിക്കുന്നത് - അമിത വെളിച്ചത്തിൽ ആണെന്ന് കരുതാം. അല്പം കൂടി വെളിച്ചം കുറഞ്ഞ ഭാഗത്തേയ്ക്ക് മാറ്റുക. ഇത്തരം നിരന്തരമായ ട്യൂക്കിങ്ങിലൂടെ നമ്മുടെ പ്രിയപ്പെട്ട ഓർക്കിഡിന് ഏറ്റവും ഇണങ്ങുന്ന ഒരു ചുറ്റുപാട് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ അവർ വളരെ വേഗം കൃത്യമായ ഇടവേളകളിൽ പുതിയ വേരുകളും ഇലകളും പുറത്ത് വന്ന് വളരെ വൈകാതെ പുഷ്പിക്കും.


ഇലകളുടെ ചൂട് ഫീൽ ചെയ്ത് പ്രകാശം കൂടുതൽ ആണൊ എന്ന് തീരുമാനിക്കാം.

അപ്പോൽ സുഖകരമായ ഒരു സാഹചര്യം കിട്ടിയ ഓർക്കിഡ്  നന്നായി വളരുകയും പുഷ്പങ്ങൾ നൽകുകയും ചെയ്യും. പൂവുകൾ കൊഴിഞ്ഞു കഴിഞ്ഞാൽ പൂക്കൾ വന്ന തണ്ട് അതിന്റെ തുടക്കഭാഗത്ത് നിന്നും ക്ലീൻ ആയ ഒരു കത്തി വച്ച് മുറിച്ച് മാറ്റുക. അധികം വൈകാതെ വീണ്ടും ആരോഗ്യമുള്ള ചെടികൾ ഫ്ലവർ ബഡുകൾ പുറത്തേയ്ക്ക് നീട്ടും. 

ഓർക്കിഡ് പൂവിന്റെ പുതിയ പൂക്കൾ


പുഷ്പിക്കുന്നതോടൊപ്പം തന്നെ വളർച്ചയുള്ള ചെടികൾ പുതിയ മുകുളങ്ങളും നൽകും. ഇത്തരം മുകുളങ്ങൾ സാമാന്യം വേഗത്തിൽ തന്നെ വളർന്ന് പൂക്കൾ നൽകും.

പുതിയ മുകുളം വളരാൻ തുടങ്ങുന്നു.
ചെടികൾ നന്നായി നനച്ച ശേഷം, വെള്ളത്തിൽ ലയിക്കുന്ന എൻ.പി.കെ മിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ആഴചയിൽ രണ്ടു പ്രാവശ്യം സ്പ്രെ ചെയ്യുക. പുഷ്പിക്കാറായ ചെടികൾക്കു നൈട്രജൻ അളവ് കുറഞ്ഞ മിശ്രിതം മാർക്കറ്റിൽ ലഭ്യമാണു. "ഗ്രീൻ കെയർ" എന്ന പ്രോഡക്റ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത്. കീട, ഫംഗസ്സ് ബാധയൊന്നും ഇതു വരെ വന്ന് പെട്ടില്ലാത്തതിനാൽ അതിനെ കുറിച്ച് ഇപ്പോൾ അനുഭവം ഒന്നുമില്ല. 

ജൈവ വള പ്രയോഗത്തിലെയ്ക്ക് പൂർണമായും മാറുവാൻ താല്പര്യം മനസ്സിലുണ്ട്. വിവിധ തരം ഓർക്കിഡുകളെ കുറിച്ചും അവയുടെ ശാസ്ത്രീയമായ സംഗതികളെക്കുറിച്ചുമൊക്കെ ഉള്ള അറിവ് പരിമിതം. അതിനെ കുറിച്ചോക്കെ പ്രായോഗിക തലത്തിൽ ഉപയോഗമുള്ള അറിവുകൾക്കും ശ്രമിക്കുന്നു.







           

Friday, February 1, 2013

തുള്ളി നന

പച്ചക്കറി കൃഷിയ്ക്ക് തുള്ളി നന

മണ്ണും ചെടികളും പ്രകൃതിയും എപ്പോഴും മനസ്സില്‍ കൂടെയുണ്ട് . ചെടി നടലും അതിന്റെ പരിചരണവും നിത്യവും ചെയ്യുന്ന ഒരു പരിപാടിയായി മാറി. രാവിലെയും രാത്രിയിലും ഇവരുടെ സമീപം ചിലവഴിക്കുന്ന കുറച്ച് സമയം, പകരം വയ്ക്കുവാന്‍ പറ്റാത്ത ഒരു വികാരമായി മാറിയത് നന്നായി തിരിച്ചറിയുന്നു.

വേനല്‍ പതിവുകള്‍ തെറ്റി, വർഷം തോറും ജല ലഭ്യത ക്രമേണ കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു. അപ്പോള്‍ പിന്നെ എളുപ്പവഴികളും, ഒപ്പം ലഭ്യമായ റിസോർസുകൾ നന്നായി ഉപയോഗിക്കാനും വേണ്ടിയുള്ള ചിന്തകളും കൂടി തുള്ളി നന പരീക്ഷിക്കുവാന്‍ പ്രേരണയായി. പ്ലസ് സുഹ്രത്ത് ഇക്കാസിന്റെ പരീക്ഷണങ്ങളും അതില്‍ വന്ന അഭിപ്രായങ്ങളും കണ്ടപ്പോള്‍ പിന്നെ താമസിയാതെ തിരുവനന്തപുരത്ത് അഗ്രോ ഇന്ടസ്ട്രീസിന്റെ ഔട്ട്‌ ലെറ്റ് സന്ദര്‍ശിച്ചു ഇതിന്റെ കുറച്ച് കിടുതാപ്പുകള്‍ വാങ്ങി. അത്യാവശ്യം വേണ്ടിയ കുറച്ച് വിവരങ്ങള്‍ അവര്‍ പറഞ്ഞു തന്നു. മുപ്പത് ചെടികള്‍ക്ക് സെറ്റ് ചെയ്യുവാന്‍ വേണ്ടിയുള്ള പൈപ്പും, അതിന്റെ അനുബന്ധ സാമഗ്രികളും വാങ്ങി. ആകെ ചിലവ് 450 രൂപ. 


സംഗതികൾ "ഡൂ ഇറ്റ് യൂവർസെൽഫ്" എന്ന നിലയിൽ ചെയ്തെടുക്കുവാൻ താല്പര്യം ഉള്ളവർക്ക് ആർക്കെങ്കിലും ഉപയോഗപ്പെടട്ടെ എന്നുള്ള ചിന്തയിലാണു ഞാനിത് പങ്ക് വയ്ക്കുവാൻ ശ്രമിക്കുന്നത്. 

ആവശ്യം വേണ്ട സാധനങ്ങൾ













സെറ്റ് ചെയ്യുന്ന വിധം
ഇത്തരം ഒരു സെറ്റപ്പില്‍ മുപ്പതോ നാല്പതോ ചെടികൾക്ക് ഉപയോഗിക്കുവാന്‍ പ്രധാന പൈപ്പിന്റെ സൈസ് 16 എം.എം. മതിയാകും. ഹോറിസോണ്ടലായി സ്ഥാപിക്കുന്ന പൈപ്പില്‍ നിന്നും മെറ്റല്‍ സൂചി ഉപയോഗിച്ച് ഇടുന്ന കിഴുത്തയില്‍ 3 എം.എം. കണക്റ്റർ കടത്തി വയ്ക്കുന്നു. ഇത് കൃത്യമായി ചെയ്‌താല്‍ വെള്ളം ലീക്ക് ചെയ്യില്ല - ലീക്ക് ഉണ്ടായാല്‍ അല്പം എം.സീല്‍ മിക്സ് തേയ്ച്ച് പരിഹരിക്കാം. ഇങ്ങിനെ ഫിക്സ് ചെയ്ത കണക്റ്ററിൽ, 3 എം.എം. ഫ്ലെക്സി ട്യുബ് ഘടിപ്പിക്കുക. ചെടിയുടെ ചുവട്ടില്‍ എത്തുന്ന അളവില്‍ മുറിച്ച് ആഗ്ര ഭാഗത്ത് ഡ്രിപ്പ് കണ്ട്രോള്‍ ഘടിപ്പിക്കുക. കണ്ട്രോളിന്റെ അഗ്രഭാഗം തിരിച്ച് ഡ്രിപ്പിന്റെ ഫ്ലോ നിയന്ത്രിക്കാം.   

ഇതിന്റെ സോര്‍സ് ടാങ്കായി ഒരു ഇരുപത് ലിറ്ററിന്റെ പെയിന്റ് ബക്കറ്റ് (30 തൈകൾക്ക്) ഉപയോഗിക്കാം. അതിന്റെ ചുവടു ഭാഗത്ത് അര ഇഞ്ച്‌ അളവിലെ ഒരു ടാങ്ക്‌  കണക്ടര്‍ പിടിപ്പിക്കുക. അതില്‍ 16 എം. എം. ന്റെ  അഡാപറ്റർ അല്പം ടെഫ്ലോൺ റ്റേയ്പ് ചുറ്റി തിരുകുക. 15 എം. എം. ന്റെ തന്നെ കണ്ട്രോള്‍ വാൾവ് സൗകര്യമായ  സ്ഥലത്ത് പിടിപ്പിക്കുക. ചെടികൾ നിരത്തിയിരിക്കുന്ന ലെവലിൽ നിന്നും ഉയർന്ന തട്ടിൽ ബക്കറ്റ് സ്ഥാപിച്ച് വെള്ളം നിറച്ച് ഉപയോഗിക്കാം.

ഘടകങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിനു പ്രത്യേകം പശയോ, മറ്റു വസ്തുക്കളോ ആവശ്യമില്ല. കണക്റ്ററുകളുടെയും, എൽബോയുടെയും ഒക്കെ ഷേപ്പ് ശ്രധ്ധിക്കുക. 

ഇനി, നിലവിലുള്ള ഒരു ലൈനിൽ കണക്റ്റ് ചെയ്യാൻ ആണെങ്കിൽ അഡാപ്റ്റർ അര ഇഞ്ച് പൈപ്പിലോ, മെയിൽ പി.വി.സി അഡാപ്റ്ററിലോ ബന്ദിപ്പിക്കാം.

സാധങ്ങളുടെ വിലവിവരം



പ്രത്യേക ശ്രദ്ധ വേണ്ട കാര്യങ്ങള്‍ 

വെള്ളത്തില്‍ വരുന്ന പൊടിയും മറ്റ് അഴുക്കുകളും ക്രമേണ ഡ്രിപ്പിന്റെ നോസിലില്‍ അടിഞ്ഞ്, വെള്ളത്തിന്റെ ഒഴുക്ക് തടസ്സപെടുവാന്‍ ഇടയുണ്ട്. അതിനാൽ തുള്ളി നന സെറ്റ്അപ്പില്‍ ഒരു ഫില്‍ട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണം ഉറപ്പ് വരുത്താന്‍ കഴിഞ്ഞാല്‍ 450 രൂപ വില വരുന്ന ഫില്‍ട്ടര്‍ ഒഴിവാക്കാം 

പൂര്‍ണമായും ജലത്തില്‍ ലയിച്ച് ചേരാത്ത ഒരു വസ്തുക്കളും വെള്ളത്തില്‍ വരാന്‍ പാടില്ല. രാസ വളം ഉപയോഗിക്കുന്നവര്‍ക്ക്  അല്പം വില കൂടുതല്‍ നല്‍കി ഇത്തരത്തിലുള്ള (പൂര്‍ണമായും ലയിച്ച് ചേരുന്ന) വളം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി നിശ്ചിത അളവിൽ ടാങ്കില്‍ ചേര്‍ത്ത് ഉപയോഗിക്കാം. 

പ്രധാന പൈപ്പില്‍ ഹോള്‍ ഇടുമ്പോള്‍ അതില്‍ നല്‍കിയിരിക്കുന്ന വെള്ള വരയില്‍ തന്നെ ആകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കില്‍ നമ്മള്‍ വിചാരിക്കുന്ന ഫ്ലെക്സിബിലിറ്റി ഡ്രിപ്പ്കള്‍ക്ക് കിട്ടില്ല. 

ചെടികളുടെ ചുവട്ടില്‍ ഡ്രിപ്പ് വരുന്ന ഭാഗത്ത് അല്പം വയ്ക്കോലോ, ഇലപ്പൊടിയോ  പോലുള്ള ജൈവ വസ്തു ഇട്ട് അതിന്റെ മുകളില്‍ നന വരുന്ന തരത്തില്‍ ക്രമീകരിക്കുക.

ഡ്രിപ്പിന്റെ അളവ് രണ്ട് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയെടുക്കുവാൻ കഴിയും. 

ഡൊമസ്റ്റിക് ലൈനിൽ കണക്റ്റ് ചെയ്യാതെ, പ്രത്യേകം ടാങ്ക് ഉപയോഗിച്ചാൽ ഒരു പക്ഷെ നമ്മുടെ സിസ്റ്റത്തിൽ എന്തെങ്കിലും ലീക്കോ, ഓവർ ഫ്ലോയോ വന്നാൽ ജലനഷ്ടം പരമാവധി കുറയ്ക്കുവാനും കൂടാതെ വെള്ളം എപ്പോഴും പൊടിപടലങ്ങൾ വീഴാതെ സൂക്ഷിക്കുവാനും കഴിയൂം.


ഭാഗികമായി പൂർത്തിയാക്കിയ സിസ്റ്റം.





Sunday, April 17, 2011

ഓ വി വിജയന്റെ തൊണ്ണൂറ്റി ആറിലെഴുതിയ ലേഖനം കാണുക. അപാരമായ രാഷ്ട്രീയ നിരീക്ഷണം - അടിയന്തിരാവസ്ത്തയെയും കുടുംബാധിപത്യത്തെയും തള്ളിപ്പറയാത്ത ആന്റണി, മതത്തിനുള്ളിലെ സനാധന നന്മകളെ കൈകാര്യം ചെയ്യാന്‍ കഴിയാത്ത കമ്മ്യുണിസം ------



Monday, January 10, 2011

അഴിമതിയുടെ ജാതി





അഴിമതിയെ
ജാതിയുമായി ബന്ധിപ്പിക്കുന്നത് ഒട്ടും ദഹിക്കുന്നില്ല. മായാവതി, പാസ്വാന്‍, സോറന്‍, അന്‍പുമണി - ഇവരൊക്കെ ദളിതരായതിനാല്‍ പീഠനം എല്ക്കേന്റിവന്നുവെന്നു പറയുന്നത് ഒട്ടും യുക്തിസഹമല്ല. കെ. ജി. ബാലകൃഷ്ണനെ മേല്‍പ്പറഞ്ഞ ഗ്രൂപ്പില്‍പ്പെടുത്തുന്നത് ലേഖകന്‍ ഉദ്ദേശിച്ചതിന്റെ വിപരീത ഫലമേ ഉളവാക്കൂ.